നീലേശ്വരം: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ എം നാരായണന്‍ (73) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധന്‍ വൈകിട്ട് അഞ്ചിന് എളേരിയിലെ സമുദായ ശ്മാശനത്തില്‍.

1991-96ലും 1996-2001ലും ഹൊസ്ദുര്‍ഗ് (നിലവില്‍ കാഞ്ഞങ്ങാട്) മണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം, കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2015-2020 കാലത്ത് ജില്ലാ പഞ്ചായത്തംഗവുമായി. 18 വര്‍ഷം കോട്ടമല പോസ്റ്റോഫീ-സില്‍ പോസ്റ്റുമാനായിരുന്നു. ജോലി രാജിവച്ചാണ് നിയമസഭയിലേക്ക് മത്സരിച്ചത്.

എളേരിയിലെ പരേതരായ മാവുവളപ്പില്‍ ചന്തന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: കെ എം സരോജിനി (റിട്ട. ആരോഗ്യവകുപ്പ് ). മക്കള്‍: എന്‍ ഷീന (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കാസര്‍കോട് നഗരസഭ), ഷിംജിത്ത് (ഫോക്‌ലോര്‍ പരിശീലകന്‍), ഷീബ. മരുമക്കള്‍: സുരേഷ്, രജനി (കയ്യൂര്‍ പലോത്ത്), ഗോപാലന്‍. സഹോദരങ്ങള്‍: മുന്‍ എംഎല്‍എ എം കുമാരന്‍ (സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം), എം വി മാധവന്‍ (റിട്ട. സിപിസിആര്‍ഐ), എം വി കുഞ്ഞമ്പു (റിട്ട. ഫിഷറീസ്, കാഞ്ഞങ്ങാട്), പരേതരായ കെ എം രാമന്‍, കെ എം കണ്ണന്‍ (റിട്ട. സിപിസിആര്‍ഐ), ചിരുകണ്ഠന്‍, എം രാഘവന്‍, എം ബാലന്‍, എം കുഞ്ഞിരാമന്‍.