മലപ്പുറം: തിരൂരില്‍ വാക്കുതര്‍ക്കത്തിനിടെയുണ്ടായ ആക്രമണത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പുറത്തൂര്‍ കാട്ടിലെപ്പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടെയും മകന്‍ തുഫൈല്‍ (26) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ഒരു വാഹനത്തിന്റെ താക്കോലിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നു പറയുന്നു. വ്യാഴാഴ്ച വൈകിട്ട് 5ന് വാടിക്കലിലാണ് സംഭവം.

വാടിക്കലില്‍ എത്തിയ തുഫൈലുമായി പ്രദേശത്തുള്ള ചിലര്‍ ആദ്യം സംസാരിക്കുകയും പിന്നീടത് വാക്കുതര്‍ക്കമാവുകയുമായിരുന്നു. ഇതിനിടെയാണു കൂട്ടത്തിലൊരാള്‍ തുഫൈലിന്റെ വയറ്റില്‍ കുത്തിയത്. തുഫൈലിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലുപേരാണ് തുഫൈലുമായി സംസാരിച്ചിരുന്നതെന്നാണു വിവരം. മറ്റു പ്രതികള്‍ക്കു വേണ്ടി പൊലീസ് വ്യാപകമായ അന്വേഷണത്തിലാണ്. കാട്ടിലെപ്പള്ളി പള്ളിയില്‍ കബറടക്കും. സഹോദരങ്ങള്‍: സഫീന, അഫ്‌സല്‍, ഫാസില്‍.