തിരുവനന്തപുരം: പാലോട് റോഡിനു കുറുകേ ഓടിയ കാട്ടുപന്നി ഇടിച്ചു സ്‌കൂട്ടറില്‍നിന്നു തെറിച്ചുവീണ യുവതിക്ക് ഗുരുതര പരുക്ക്. അപകടത്തില്‍ നിസ (43) എന്ന സ്ത്രീയ്ക്കാണ് പരുക്കേറ്റത്. നിസ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിക്കൂട്ടം റോഡിനു കുറുകേ ഓടുകയും സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു.

ഉച്ചയ്ക്കു മൂന്നു മണിയോടെ ഇടിഞ്ഞാര്‍ റോഡിലായിരുന്നു അപകടം. തെറിച്ചുപോയ നിസ റോഡില്‍ തല ഇടിച്ചാണു വീണത്. ഓടിക്കൂടിയ നാട്ടുകാര്‍ നിസയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. മുന്‍പും പല തവണ പാലോട് മേഖലയില്‍ ഇത്തരത്തില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.