പോണ്ടിച്ചേരി: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്‍-2 കിരീടം ലക്ഷ്യമിടുന്ന അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, പോണ്ടിച്ചേരിയിലെ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിന് തുടക്കമിട്ടു. കേരളത്തിലെ മണ്‍സൂണ്‍ കാലയളവില്‍ കളിക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ മികച്ച പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം പോണ്ടിച്ചേരിയെ പരിശീലനവേദിയായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വെച്ചാണ് ടീമിന്റെ ഔദ്യോഗിക യാത്രയുടെ ഫ്‌ലാഗ് ഓഫ് നടന്നത്. ടീം ഉടമയും പ്രോ വിഷന്‍ സ്‌പോര്‍ട്‌സ് മാനേജ്മെന്റ് ഡയറക്ടറുമായ ജോസ് പട്ടാറയാണ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. പോണ്ടിച്ചേരിയിലെ പരിശീലന ക്യാമ്പ് ടീമിന്റെ പ്രകടനത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പരിചയസമ്പന്നരും യുവതാരങ്ങളും അടങ്ങുന്ന ടീം പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും ഇത്തവണത്തെ കെസിഎല്‍ കിരീടമാണ് ലക്ഷ്യമെന്നും ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് പറഞ്ഞു. പോണ്ടിച്ചേരിയിലെ പരിശീലനം ടീമിന്റെ ഒത്തിണക്കം വര്‍ദ്ധിപ്പിക്കാനും പുതിയ തന്ത്രങ്ങള്‍ മെനയാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളിക്കാര്‍ക്ക് യാതൊരു തടസ്സങ്ങളുമില്ലാതെ പരിശീലനം നടത്താനും ടീം ഐക്യം മെച്ചപ്പെടുത്താനും പോണ്ടിച്ചേരിയിലെ സൗകര്യങ്ങള്‍ സഹായിക്കുമെന്ന് മുഖ്യ പരിശീലകന്‍ മനോജ് എസ് വ്യക്തമാക്കി. പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശനും ജോസ് പട്ടാറയും നേതൃത്വം നല്‍കുന്ന പ്രോ-വിഷന്‍ സ്‌പോര്‍ട്‌സ് മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ മുഖ്യ രക്ഷാധികാരി ശശി തരൂര്‍ എംപിയാണ്.