തിരുവനന്തപുരം: അമ്പൂരി കാരിക്കുഴിയില്‍ മയക്കുവെടിവച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെയാണ് പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്. അതിന്റെ വയറ്റില്‍ കമ്പികൊണ്ടുള്ള ആഴത്തിലുള്ള മുറിവുണ്ടായിരുന്നെന്നും ഇതാണ് മരണകാരണമെന്നുമാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

കാരിക്കുഴി തടത്തരികത്ത് വീട്ടില്‍ സുശീലയുടെ ഉടമസ്ഥതയിലുള്ള റബര്‍ത്തോട്ടത്തില്‍, മകനും ടാപ്പിംഗ് തൊഴിലാളിയുമായ ഷൈജുവാണ് ആദ്യം പുലിയെ കണ്ടത്. ഇന്നലെ രാവിലെ റബര്‍ ടാപ്പിംഗിനായി എത്തിയപ്പോഴാണ് ഷൈജു പുലിയെ കണ്ടത്. പാറയിടുക്കിലെ ചെറിയ കുഴിയില്‍ കുരുക്കില്‍വീണ് കിടക്കുകയായിരുന്നു. ഷൈജുവിനെയും ഒപ്പമുണ്ടായിരുന്ന സുരേഷിനെയും കണ്ടതോടെ, പുലി ആക്രമിക്കാന്‍ ശ്രമിച്ചു. പേടിച്ച് ഓടുന്നതിനിടയില്‍ സുരേഷിന് വീണ് പരിക്കേറ്റിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാര്‍ഡാം പൊലീസും സ്ഥലത്തെത്തി. സോളാര്‍ വേലി സ്ഥാപിക്കുന്നതിനായി കെട്ടിയിരുന്ന കമ്പിയിലും മരക്കുറ്റിയിലുമാണ് പുലി കുരുങ്ങിക്കിടന്നിരുന്നത്. വനംവകുപ്പ് ദ്രുതകര്‍മ്മ സേനയും മയക്കുവെടി വിദഗ്ദ്ധരും ചേര്‍ന്ന്,മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മയക്കുവെടിവച്ച് പുലിയെ പിടികൂടിയത്. മൂന്നുതവണ വെടിവച്ചു. പിന്നീട് കൂട്ടിലാക്കിയ പുലിയെ നെയ്യാര്‍ഡാം വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു.

ഇന്നലെത്തന്നെ അവശനിലയിലായിരുന്നു പുലി. തുടര്‍ ചികിത്സയുടെ ഭാഗമായി ഇന്ന് രാവിലെ ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് പുലി ചത്തെന്ന് മനസിലായത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടവും നടത്തി. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തിട്ടുണ്ട്. വനമേഖലയിലാണ് കെട്ടുകമ്പി ഉപയോഗിച്ചുള്ള കുരുക്ക് വച്ചിരുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുലിയുടെ വയറ്റില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇതിന് രണ്ട് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് സൂചന.