ന്യൂഡല്‍ഹി: ശനിയാഴ്ച ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. 300 ലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തു. ഡല്‍ഹി-എന്‍.സി.ആറിന്റെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രളയം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് നദിയുടെ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ കാരണം ശനിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ 300 ലധികം വിമാനങ്ങള്‍ വൈകി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മഴ ശനിയാഴ്ച വരെ തുടര്‍ന്നു. ചില പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. ആളപായമില്ല. മഴ മൂലം ഡല്‍ഹിയില്‍ താപനില 26.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. 14 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ പരമാവധി താപനില 2012 ലായിരുന്നു.

1969 ന് ശേഷം സഫ്ദര്‍ജങ് സ്റ്റേഷനില്‍ ഏറ്റവും കുറഞ്ഞ 10 പരമാവധി താപനിലകളില്‍ ഒന്നാണിത്. നിലവില്‍ മഴയുടെ തീവ്രത കുറഞ്ഞു. ഞായറാഴ്ച നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ ജയ്ത്പൂരിലെ ഹരി നഗറില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ട് പെണ്‍കുട്ടികള്‍ക്കും ഏഴ് വയസ്സാണ് പ്രായം. ര

വി ബുള്‍ (27), റുബീന (25), സഫികുല്‍ (27), മുട്ടൂസ് (50), ഡോളി (28) എന്നിവരാണ് മറ്റുള്ളവര്‍. 25കാരനായ ഹസിബുള്‍ എന്നയാള്‍ക്ക് പരിക്കേറ്റു. രാത്രിയില്‍ ഉണ്ടായ കനത്ത മഴയില്‍ തകര്‍ന്ന മതിലിനടിയില്‍ എട്ട് പേരും കുടുങ്ങി പോകുകയായിരുന്നു.

എട്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് ഏഴ് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്തെ പഴയ ക്ഷേത്രത്തിനടുത്ത് ആക്രി കച്ചവടം നടത്തുന്നവര്‍ താമസിക്കുന്ന ഇടത്താണ് അപകടമുണ്ടായത്. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ ബാക്കിയുള്ളവരെ ഒഴിപ്പിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായികനത്ത മഴ തുടരുകയാണ്. വസന്ത് കുഞ്ച്, ആര്‍.കെ. പുരം, കൊണാട്ട് പ്ലേസ്, മിന്റോ ബ്രിഡ്ജ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. ശനിയാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ആഗസ്റ്റ് 12 വരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.