തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാളുടെ നില ഗുരുതരമാണ്. അഞ്ച് പേര്‍ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള കര്‍മ്മല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്.

മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയില്‍ 2011 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളില്‍ 66 പേര്‍ മരിച്ചതായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയര്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. അപകടങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുലിമുട്ട് നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടെത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പൂനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.