ചെന്നൈ: കോടതി വളപ്പിലെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പെണ്‍കുട്ടി. സര്‍ക്കാരിന്റെ കീഴില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിക്കാനുള്ള കോടതി ഉത്തരവിനു പിന്നാലെയാണ് പെണ്‍കുട്ടി ഒന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക്ശ്രമിച്ചത്. പരുക്കേറ്റ പെണ്‍കുട്ടിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹമോചിതരാണ്. ഈ വര്‍ഷം ആദ്യം പെണ്‍കുട്ടിയെ കാണാതായിരുന്നു. പിന്നാലെ പിതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പെണ്‍കുട്ടിയെ അമ്മയുടെ മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ കോടതിയില്‍ എത്തിച്ചു. മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒപ്പം താമസിക്കാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിനു ആന്‍ഡമാന്‍ ദ്വീപില്‍ കഴിയുന്ന അമ്മയോടൊപ്പം താമസിക്കാന്‍ ആഗ്രഹം എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

എന്നാല്‍ ആന്‍ഡമാനിലെക്ക് കുട്ടിയെ അയക്കാന്‍ കോടതി തയ്യാറായില്ല. ആന്‍ഡമാനിലെ അന്തരീക്ഷം പെണ്‍കുട്ടിയുടെ സുരക്ഷയ്ക്ക് അനുയോജ്യമല്ലെന്നായിരുന്നു ജസ്റ്റിസുമാരായ എം.എസ്. രമേശ്, വി. ലക്ഷ്മി നാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടി പിതാവിനൊപ്പം താമസിക്കാന്‍ തയ്യാറാകാത്തതിനാല്‍, ചെന്നൈയിലെ കെല്ലിസിലുള്ള സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ഉടന്‍ പ്രവേശിപ്പിക്കാന്‍ ബെഞ്ച് ഉത്തരവിട്ടു. കില്‍പോക്കിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ മനശാസ്ത്രജ്ഞന്‍ വഴി പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കണമെന്നും അതിനുള്ള ചെലവുകള്‍ പിതാവ് വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെയാണ് പെണ്‍കുട്ടി കോടതി വളപ്പിലെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടിക്ക് ബോധമുണ്ടായിരുന്നു. ആഗസ്റ്റ് 26ന് കേസ് വീണ്ടും പരിഗണിക്കാനാണ് തീരുമാനം.