കാക്കനാട്: അങ്കണവാടിയില്‍ ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണു. തലനാരിഴയ്ക്കാണ് കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപത്തെ ഇല്ലത്തുമുകള്‍ സ്മാര്‍ട്ട് അങ്കണവാടിയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

കൈ കഴുകുന്നതിനിടെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് അണലിപ്പാമ്പ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അങ്കണവാടി ജീവനക്കാര്‍ പാമ്പിനെ തട്ടിയകറ്റി കുട്ടിയെ രക്ഷപ്പെടുത്തി. തൃക്കാക്കര നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ആറു കുട്ടികളാണിവിടെ ഉള്ളത്. കുട്ടിയെ തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പാമ്പുകടിയേറ്റിട്ടില്ലെന്നു ബോധ്യപ്പെട്ടതോടെ കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അങ്കണവാടി കെട്ടിടത്തിനു സമീപത്തെ പഴയ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ കാടുപിടിച്ച നിലയിലാണ്. ഇവിടെ വിഷപ്പാമ്പുകളുടെ വിളയാട്ടമാണെന്ന് നാട്ടുകാര്‍ പറയുന്നു.