കുമളി: സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് അപകടം. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മയും കുട്ടിയും റോഡിലേക്ക് തെറിച്ചുവീണു. ഇടിച്ച ഉടന്‍ കാര്‍ നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇരുവരെയും നാട്ടുകാര്‍ സുരക്ഷിതമായി മാറ്റുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

കുമളി ആറാം മൈല്‍ കുത്തുകല്ലുങ്കല്‍ അജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ കാര്‍ ഇടിച്ചത്. ഉടന്‍ അജിത്തിന്റെ ഭാര്യ ശാലിനിയും മകന്‍ ആരോമലും റോഡിലേക്ക് തെറിച്ചുവീണു. ഇടിച്ച കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തുനിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായി.

റോഡിലേക്ക് തെറിച്ചുവീണ ശാലിനിയെയും ആരോമലിനെയും ഓടിക്കൂടിയ നാട്ടുകാര്‍ സുരക്ഷിതമായി റോഡില്‍നിന്ന് മാറ്റി. ശാലിനിയും ആരോമലും കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.