തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-മാലിന്യ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം ലക്ഷ്യമിട്ട് ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ഒരു മാസം മുന്‍പ് ആരംഭിച്ച ഇ-മാലിന്യ ശേഖരണ പദ്ധതിയിലൂടെ ഇതുവരെ ഖേരിച്ചത് 33,945 കിലോ മാലിന്യം. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഇ-മാലിന്യം ശേഖരിച്ചത് (12261 കിലോ).

തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടകരമല്ലാത്ത 44 ഇനം ഇലക്ട്രോണിക്-ഇലക്ട്രിക്കല്‍ മാലിന്യങ്ങളാണ് ഹരിതകര്‍മസേന വില നല്‍കി ശേഖരിക്കുന്നത്. കിലോഗ്രാം നിരക്കിലാണ് വില. ഇ-മാലിന്യത്തിന് പകരമായി ഹരിതകര്‍മസേന ഇതുവരെ 2,63,818.66 രൂപയാണ് നല്‍കിയത്. ഹരിതകര്‍മ സേന കണ്‍സോര്‍ഷ്യം ഫണ്ടില്‍ നിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടില്‍നിന്നോ ആണ് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വില നല്‍കുന്നത്. ക്ലീന്‍ കേരള കമ്പനി മാലിന്യം ഏറ്റെടുക്കുമ്പോള്‍ ഈ തുക ഹരിതകര്‍മ സേനയ്ക്ക് തിരികെ ലഭിക്കുന്നു. നിലവില്‍ നഗരസഭകളില്‍ നടപ്പാക്കുന്ന പദ്ധതി അടുത്ത മാസത്തോടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.

ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, എല്‍സിഡി മോണിറ്റര്‍, എല്‍സിഡി/എല്‍ഇഡി ടെലിവിഷന്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, അയണ്‍ ബോക്‌സ്, മോട്ടോര്‍, മൊബൈല്‍ ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വര്‍ട്ടര്‍, യുപിഎസ്, സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ്എംപിഎസ്, ഹാര്‍ഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പിസിബി ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്‌ഫോണുകള്‍, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഹരിതകര്‍മസേനയ്ക്ക് കൈമാറാം.

ശേഖരിക്കേണ്ട മാലിന്യങ്ങള്‍, പുനഃസംസ്‌കരണം സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍, ഇ- മാലിന്യത്തിന്റെ വില എന്നീ വിഷയങ്ങളില്‍ ഹരിതകര്‍മസേനയ്ക്ക് പരിശീലനം നല്‍കിയാണ് പദ്ധതി ആരംഭിച്ചത്. ശേഖരിച്ച മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയില്‍ എത്തിച്ച് തരംതിരിച്ച്, പുനരുപയോഗം, പുനചംക്രമണം, സുരക്ഷിതമായ നിര്‍മാര്‍ജനം എന്നിവ ഉറപ്പാക്കുന്നു. ഈ പദ്ധതിയുടെ വിജയം, മാലിന്യ നിര്‍മാര്‍ജനത്തില്‍ കേരളം കൈവരിക്കുന്ന സുപ്രധാന നേട്ടമായി മാറുന്നു.