തിരുവനന്തപുരം: മുന്‍ഗണന കാര്‍ഡിന് സെപ്റ്റംബറില്‍ അപേക്ഷിക്കാന്‍ അവസരം നല്‍കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. ഭക്ഷ്യമന്ത്രിയുടെ ലൈവ് ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ 22 പരാതികള്‍ മന്ത്രി നേരിട്ടു കേട്ടു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. റേഷന്‍ കാര്‍ഡ് തരം മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടികള്‍ സ്വീകരിക്കും. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ റേഷന്‍ കട അനുവദിച്ചത് സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് അടിയന്തര നടപടിക്ക് നിര്‍ദ്ദേശിച്ചു.

അനര്‍ഹമായ കാര്‍ഡ് കൈവശം വച്ചിട്ടുള്ളത് സംബന്ധിച്ച പരാതികള്‍ 9188527301 നമ്പറില്‍ അറിയിക്കാം. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. പരാതി പരിശോധിച്ച് വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയം, കോട്ടയത്ത് പുതിയ മാവേലി സ്റ്റോര്‍ അനുവദിക്കുന്നത്, ക്ഷേമ നിധി പെന്‍ഷന്‍ തുക വര്‍ദ്ധനവ് തുടങ്ങിയ വിഷയങ്ങളില്‍ നേരിട്ട് പരാതി സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.