കൊച്ചി: കോടതി പരിസരത്ത് നിന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ പോലിസ് ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയുടെ അനുമതി തേടണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്്. കോടതി പരിസരത്തു ഗുരുതര കുറ്റകൃത്യം തടയാന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ പോലിസിന് അറസ്റ്റ് നടപ്പിലാക്കാം. എന്നാല്‍ ഉടന്‍ ജഡ്ജിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചു. അഭിഭാഷകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

സ്വമേധയാ അല്ലെങ്കില്‍ അഭിഭാഷകന്‍ മുഖേന കീഴടങ്ങാനെത്തുന്നവരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുന്നതിനു കോടതിയുടെ മുന്‍കൂര്‍ അനുമതി വേണം. അതേസമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍ പൊലീസിന് മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാം. ആവശ്യമെങ്കില്‍ ബലപ്രയോഗവുമാകാം. ദീര്‍ഘനാള്‍ ഒളിവിലായിരുന്ന വാറന്റ് പ്രതികളെ കോടതി പരിസരത്ത് കണ്ടാലും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താം. എന്നാല്‍ രണ്ടു സാഹചര്യത്തിലും തൊട്ടുപിന്നാലെ തന്നെ ജഡ്ജിയെ വിവരം അറിയിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‌ദേശം.

ആലപ്പുഴ രാമങ്കരി കോടതിയില്‍ അഭിഭാഷകന്റെ അറസ്റ്റിന് ശ്രമിച്ചതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. ഇത്തരം വിഷയങ്ങളിലെ പരാതി പരിഹാരത്തിന് സംസ്ഥാന, ജില്ലാതല സമിതികള്‍ രൂപീകരിക്കണമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കോടതി പരിസരമെന്നാല്‍ കോടതി ഹാള്‍ മാത്രമല്ല, ക്വാര്‍ട്ടേഴ്‌സുകള്‍ ഒഴികെയുള്ള വസ്തുവകകള്‍ ഉള്‍പ്പെടും. കോടതിയുടെ പ്രവര്‍ത്തനസമയത്താകും മാര്‍ഗരേഖ ബാധകം.

കോടതി പരിസരത്തെ അറസ്റ്റ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ രൂപീകരിക്കേണ്ട സമിതികളുടെ ഘടനയും ഹൈക്കോടതി നിശ്ചയിച്ചു. ജില്ലാ സമിതിയില്‍ തീരുമാനമാകാത്ത പരാതികള്‍ സംസ്ഥാന സമിതി പരിശോധിക്കും. അഡ്വക്കറ്റ് ജനറല്‍, സംസ്ഥാന പൊലീസ് മേധാവി, ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ സംഘടനയിലെ മൂന്ന് അഭിഭാഷകര്‍, എസ്പി റാങ്കിന് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍, പരാതിക്കാരുമായി ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരാണു സംസ്ഥാന സമിതി അംഗങ്ങള്‍. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി, ജില്ലാ പൊലീസ് മേധാവി, ജില്ലാ ഗവ. പ്ലീഡര്‍, ബാര്‍ അസോസിയേഷന്റെ പ്രസിഡന്റ്, ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ അംഗം എന്നിവരാണു ജില്ലാ സമിതി അംഗങ്ങള്‍.