തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായി അഗോള അയ്യപ്പസംഗമം ഒരുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20-നാണ് പമ്പാ തീരത്ത് അയ്യപ്പ സംഗമം നടക്കുക. ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുഖ്യാതിഥിയാകും. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സ്റ്റാലിനെ ചെന്നൈയിലെത്തി നേരിട്ട് ക്ഷണിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.

സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. തമിഴ്നാട് ഹിന്ദു മത-എന്‍ഡോവ്‌മെന്റ് മന്ത്രി പി. കെ. ശേഖര്‍ ബാബു, ചീഫ് സെക്രട്ടറി എന്‍. മുരുഗാനന്ദം, ടൂറിസം, സാംസ്‌കാരിക, എന്‍ഡോവ്‌മെന്റ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസന്‍ ഐ.എ.എസ്., കേരളത്തില്‍ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം ഐ.എ.എസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി. സുനില്‍ കുമാര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.