തിരുവനന്തപുരം: വീടിനു മുന്നില് ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പോലീസുകാരനെ കുത്തി പരിക്കേല്‍പിച്ചയാള്‍ പിടിയില്‍. പാറോട്ടുകോണം സ്വദേശി സജീവ് ആണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. വലിയതുറ സിപിഒ മനുവിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 10.30-യോടെയായിരുന്നു സംഭവം.

കൊച്ചുള്ളൂരിലെ മനുവിന്റെ വീട്ടിനുമുന്നിലാണ് സംഭവം. മനുവിന്റെ വീടിനു മുന്നില്‍ പാര്‍ക്ക്് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് മനു ആവശ്യപ്പെട്ടു. എന്നാല്‍ സജീവ് ഇതിന് തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് സജീവ് മനുവിനെ ആക്രമിക്കുകയും നെഞ്ചിലും മുഖത്തുമായി കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. നെഞ്ചില്‍ രണ്ടിടത്താണ് മനുവിന് കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ മനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയതിന് പിന്നാലെ സജീവ് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിയുടേതെന്ന് കരുതുന്ന ബൈക്ക് നാട്ടുകാര്‍ കത്തിച്ചു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

സംഭവത്തില്‍ കേസെടുത്ത് മെഡിക്കല്‍ കോളേജ് പോലീസ് രാത്രി മുഴുവന്‍ പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സജീവ് പിടിയിലായത്. മണ്ണന്തല, മെഡിക്കല്‍ കോളേജ് സ്റ്റേഷനുകളിലെല്ലാം സജീവിനെതിരെ നിരവധി കേസുകള്‍ ഉണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബൈക്ക് പാര്‍ക്കിങ്, തര്‍ക്കം, കുത്തി പരിക്കേല്‍പ്പിച്ചു, bike parking, stabbed, policeman