ചേളാരി: 'ആദര്‍ശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തില്‍ 2026 ഫെബ്രുവരി നാലുമുതല്‍ എട്ടുവരെ കാസര്‍കോട്ട് നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 15-നകം മഹല്ല് തല സ്വാഗതസംഘങ്ങള്‍ രൂപവത്കരിക്കും. അന്താരാഷ്ട്ര പ്രചാരണസമ്മേളനം ഒക്ടോബറില്‍ യുഎഇയിലും ദേശീയസമ്മേളനം ന്യൂഡല്‍ഹിയിലും നടക്കും. സെപ്റ്റംബര്‍ ഒന്‍പതിന് പ്രഭാഷക ശില്പശാല. സെപ്റ്റംബര്‍ 12-ന് പോസ്റ്റര്‍ ദിനം ആചരിക്കും. ഡിസംബര്‍ 19 മുതല്‍ 28 വരെ നടക്കുന്ന ശതാബ്ദിയാത്ര സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കും.

ചേളാരി സമസ്താലയത്തില്‍ നടന്ന പ്രചാരണസമിതി യോഗം ചെയര്‍മാന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. കണ്‍വീനര്‍ അബ്ദുസ്സലാം ബാഖവി അധ്യക്ഷത വഹിച്ചു. കെ. മോയിന്‍കുട്ടി, കെ.സി. മമ്മൂട്ടി മുസ്ലിയാര്‍, അബ്ദുല്‍ഗഫൂര്‍ ദാരിമി മുണ്ടക്കുളം, എം.പി. മുഹമ്മദ് മുസ്ലിയാര്‍, ബശീര്‍ ഫൈസി, അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി, എസ്. മുഹമ്മദ് ദാരിമി, മഅമൂന്‍ ഹുദവി വണ്ടൂര്‍, അബ്ദു റഷീദ് ദാരിമി പുവ്വത്തിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.