- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നും അതിജീവിതകള്‍ക്കൊപ്പം; ആരോപണ വിധേയര്‍ ജനപ്രതിനിധിയായി തുടരരുത്; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ രാജിവയ്ക്കണമെന്ന് കെ കെ രമ
തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ കെ രമ എംഎല്‍എ. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ ആരോപണ വിധേയര്‍ ജനപ്രതിനിധിയായി തുടരുന്നത് ശരിയല്ലെന്ന് കെ കെ രമ പറഞ്ഞു. എന്നും അതിജീവിതകള്‍ക്കൊപ്പം തന്നെയാണ്. ആരോപണവിധേയര്‍ക്ക് ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കാനുള്ള യോഗ്യതയില്ലെന്നും കെ കെ രമ പറഞ്ഞു. അതിനാല്‍ അതിനനുസൃതമായ നിലപാട് പാര്‍ട്ടി സ്വീകരിക്കണമെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.
ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെ നേരിടുന്നവര്‍ സഭയില്‍ തുടരുമ്പോള്‍, സിപിഎം ഉള്‍പ്പെടെ ആരോപണവിധേയരെ സംരക്ഷിച്ചപ്പോള്‍ അത് തെറ്റാണെന്ന് പറഞ്ഞവരാണ് താനടക്കമുള്ളവരെന്ന് കെ കെ രമ പറഞ്ഞു. ആരോപണത്തിന്റെ നിജസ്ഥിതി അറിയുന്നതുവരെ സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടതാണ്. ആരോപണം നേരിടുന്നത് ആരായാലും ഏത് പാര്‍ട്ടിയില്‍ നിന്നുള്ളവരായാലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കെ കെ രമ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കൈവിട്ടതിനാല്‍ രാജി വൈകിയേക്കില്ലെന്നാണ് സൂചന. രാഹുല്‍ രാജിവെച്ചാല്‍ എതിരാളികള്‍ക്കു മേല്‍ മുന്‍തൂക്കം നേടാമെന്നാണ് വിഡി സതീശന്റെ നിലപാട്. വിഡി സതീശനെ പിന്തുണയ്ക്കുന്നവര്‍ക്കും ഇതേ നിലപാടാണ്. കുറച്ചുകൂടി കാത്തിരിക്കാമെന്ന് മറുപക്ഷം പറയുന്നുന്നത്. പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടൂരിലെ വസതിയില്‍ തുടരുകയാണ്.