കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. എസ്എഫ്‌ഐ എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തോട്ടട എസ് എന്‍ ജി കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ എസ് എന്‍ ജി കോളജിന് സമീപത്ത് വെച്ചാണ് ആക്രമണം. കത്തിയുടെ ഒരു ഭാഗം കാലിനുള്ളിലേക്ക് തുളച്ചു കയറിയിട്ടുണ്ട്. ഇത് പുറത്തെടുക്കാന്‍ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ലഹരി മാഫിയ സംഘമാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് വൈഷ്ണവ്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം കോളജ് വിദ്യാര്‍ഥിനിയോടെ മോശമായി പെരുമാറിയിരുന്നു. ഇത് വൈഷ്ണവ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം അവിടെ നിന്ന് മടങ്ങിയിരുന്നു. പിന്നാലെ ബൈക്കില്‍ കൂടുതല്‍ പേര്‍ എത്തി വൈഷ്ണവിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കത്തി ഉപയോഗിച്ച് കാലിന് കുത്തേറ്റത്.