കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്‍പതുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ സ്വാഭാവികമരണം സംഭവിക്കുന്നതുവരെ കഠിനതടവിന് ശിക്ഷിച്ചു. കുടക് നപ്പോക്ക് സ്വദേശി പി.എ.സലീ(40) മിനെയാണ് കോടതി ഇരട്ട ജീവപര്യന്തം തടവിനും ഇതിനുപുറമെ 35 വര്‍ഷം കഠിനതടവിനും വിധിച്ചത്. കോടതി, ജീവപര്യന്തത്തിലൊന്ന് മരണംവരെ അനുഭവിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം.സുരേഷാണ് ശിക്ഷവിധിച്ചത്. വിവിധ വകുപ്പുകളിലായി സലീം 2.71 ലക്ഷംരൂപ പിഴയടയ്ക്കണം. ഇതില്‍ രണ്ടുലക്ഷം രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം. പീഡനത്തിനിരയായ കുട്ടിയില്‍നിന്ന് കവര്‍ന്ന കമ്മല്‍ വില്‍ക്കാന്‍ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയുന്നതുവരെ ശിക്ഷിച്ചു.സുഹൈബയ്ക്ക് പിഴയായി വിധിച്ച 1,000 രൂപ അവര്‍ കോടതിയിലടച്ചു. വധശിക്ഷ കിട്ടണമെന്നാണ് ആഗ്രഹിച്ചതെന്നും മരണംവരെ തടവ് ലഭിച്ചതിനാല്‍ സംതൃപ്തരാണെന്നും കുട്ടിയുടെ മാതാപിതാക്കളും കുടുംബവും പ്രതികരിച്ചു.

ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2024 മേയ് 15-നായിരുന്നു സംഭവം. കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പുറത്തിറങ്ങിയ സമയത്ത് പ്രതി, ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനശേഷം കുട്ടിയുടെ കമ്മല്‍ ഊരിയെടുത്ത് കടന്നുകളഞ്ഞു. പേടിച്ചരണ്ട കുട്ടി ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തി കോളിങ് ബെല്‍ അടിക്കുകയായിരുന്നു. അന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറായിരുന്ന എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഒന്‍പതാം നാള്‍ ആന്ധ്രപ്രദേശിലെത്തിയാണ് സലിമിനെ അറസ്റ്റു ചെയ്തത്. 39-ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഈ വര്‍ഷം ജനുവരിയിലാണ് വിചാരണ തുടങ്ങിയത്. 60 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒരാള്‍പോലും കൂറുമാറിയില്ല. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.ഗംഗാധരന്‍ ഹാജരായി.