താനൂര്‍: താനൂര്‍ ഹാര്‍ബറില്‍ വ്യാപകമായി ചെറുമീന്‍ പിടിക്കുന്നത് തടയാന്‍ എത്തിയ ഫിഷറീസ് മറൈന്‍ എന്‍ഫോസ്മെന്റ് വിംഗ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതായി പരാതി. ഹാര്‍ബറില്‍ വ്യാപകമായി ചെറുമീന്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയപ്പോഴാണ് സംഭവം.

98 പെട്ടികളിലായി ഏകദേശം 3500 കിലോ വരുന്ന തിരിയന്‍ ചമ്പാന്‍ കസ്റ്റഡിയിലെടുത്തു. ഈ മീന്‍ പുറംകടലില്‍ തള്ളാന്‍ ഒരുങ്ങുമ്പോള്‍ ഹാര്‍ബറില്‍ ജോലി ചെയ്യുന്ന ഒരു സംഘം ആളുകള്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടര്‍ന്ന് സംഘം ഹാര്‍ബറില്‍ തന്നെ ഈ മീന്‍ തള്ളി. ഇതോടെ ഹാര്‍ബറില്‍ ദുര്‍ഗന്ധം നിറഞ്ഞു.

ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നാല് പേര്‍ക്കെതിരെ താനൂര്‍ പൊലീസില്‍ പരാതി നല്‍കി. കൊങ്ങന്റെ ചെറുപുരക്കല്‍ യൂനുസ്, മങ്കിച്ചിന്റെ പുരക്കല്‍ അബ്ദുള്ള കോയ, കൊങ്ങന്റെ ചെറുപുരക്കല്‍ നൗഷാദ്, പൊട്ടിന്റെകത്ത് അന്‍സാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. നേരത്തേ ഹാര്‍ബറിലെ മാലിന്യ പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപ്പെട്ടിരുന്നു.