കൊച്ചി: രാത്രി സമയങ്ങളില്‍ ട്രെയിനില്‍ കറങ്ങി നടന്ന് യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍. ബംഗാള്‍ സ്വദേശിയായ നൂര്‍ ആലമാണ് റെയില്‍വേ പോലിസിന്റെ പിടിയിലായത്. ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പ്രതിയെ അതിസാഹസികമായാണ് റെയില്‍വേ പോലിസ് പിടികൂടിയത്. രാത്രി സമയങ്ങളില്‍ ട്രെയിനില്‍ ചാര്‍ജ് ചെയ്യാന്‍ വെക്കുന്ന മൊബൈല്‍ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്. ഉടമസ്ഥര്‍ ഉറങ്ങുന്ന സമയത്താണ് ആലം ഇത് കൈക്കലാക്കിയിരുന്നത്.

എറണാകുളം പുല്ലേപടി ഭാഗത്ത് വച്ചാണ് പ്രതിയെ റെയില്‍വേ പോലിസ് പിടികൂടിയത്. സ്ഥിരം മോഷ്ടാവായ ഇയാള്‍ ഫോണ്‍ മോഷ്ടിച്ചതിനു ശേഷം ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങി രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. സ്റ്റേഷന്‍ കഴിഞ്ഞ് മറ്റെവിടെയെങ്കിലും വച്ച് ട്രെയിനിന് വേഗത കുറയുമ്പോഴാണ് ഇയാള്‍ ചാടി രക്ഷപ്പെടാറുള്ളത്. ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൈം പ്രിവന്‍ഷന്‍ ആന്റ് ഡിറ്റങ്ഷന്‍ സ്‌കോഡ് അംഗങ്ങള്‍ അതി സാഹസികമായാണ് ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ പ്രതിയെ പിടിച്ചത്.

ആര്‍.പി.എഫ്. തിരുവനന്തപുരം ഡിവിഷന്‍ സെക്യൂരിറ്റി കമ്മിഷണര്‍ ശ്രീ.മുഹമ്മദ് ഹനീഫ്, അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണര്‍ സുപ്രിയ കുമാര്‍ ദാസ് എന്നിവരുടെ നിര്‍ദേശപ്രകാരം ആര്‍.പി.എഫ്. എറണാകുളം സൗത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ ബിനോയ് ആന്റണി, സീ.പി.ഡി.എസ്. സ്‌കോഡ് ഇന്‍ചാര്‍ജ് എസ്‌ഐ കെ.എസ് മണികണ്ഠന്‍, എഎസ്‌ഐ ശ്രീ.ശ്രീകുമാര്‍, കെ.എസ്. രമേശ്, പ്രമോദ്, ജോസഫ്, അന്‍സാര്‍, അജയഘോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.