- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുപ്പിന് വൈകല്യം: താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി വയോധികയുടെ ഗര്‍ഭാശയം നീക്കി; അപൂര്‍വ ശസ്ത്രക്രിയ അടൂര്‍ ലൈഫ്ലൈന് ആശുപത്രിയില്‍
പത്തനംതിട്ട: ഇടുപ്പിനുള്ള വൈകല്യം മൂലം കാല്‍ മടക്കിവയ്ക്കാനാകാത്ത രോഗിയുടെ ഗര്‍ഭാശയം അടൂര്‍ ലൈഫ് ലൈന്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്തു. ഗൈനക് ലാപ്രോസ്‌കോപ്പി വിഭാഗം മേധാവി ഡോ സിറിയക് പാപ്പച്ചന്‍ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യൂസ് ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ താക്കോല്‍ദ്വാരം വഴി നേരെ കിടത്തിയുള്ള ഗര്‍ഭാശയ നീക്കം നേരത്തെ എവിടെയും ചെയ്തതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോ. സിറിയക് പാപ്പച്ചന്‍ പറഞ്ഞു.
സാധാരണയായി രോഗിയുടെ കാലുകള്‍ മടക്കിവച്ചു യോനി വഴിയാണ് ഗര്‍ഭാശയ നീക്കം നടത്തുന്നത്. എന്നാല്‍ ഇടത് ഇടുപ്പിലെ ജോയിന്റ് ഇല്ലാത്ത അവസ്ഥ ആയിരുന്നതിനാല്‍ കൊട്ടാരക്കര സ്വദേശിനിയായ 66 വയസുകാരിക്ക് കാലുകള്‍ മടക്കി വയ്ക്കാന്‍ ഒരു രീതിയിലും കഴിയുമായിരുന്നില്ല. ഗര്‍ഭപാത്രം ഇറങ്ങിവരുന്ന അസുഖമായിരുന്നു ഇവര്‍ക്ക്. കഴിഞ്ഞ ആറു മാസമായി നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും ഡോക്ടര്‍മാര്‍ പരമ്പരാഗതമായ ഓപ്പണ്‍ സര്‍ജറിയാണ് നിര്‍ദേശിച്ചത്. അതിനു തയാറാകാന്‍ വിസമ്മതിച്ച രോഗി ഈ മാസം ആദ്യമാണ് ലൈഫ് ലൈന്‍ ആശുപത്രിയില്‍ എത്തിയത്.
ശസ്ത്രക്രിയക്ക് വിധേയമായ അവര്‍ മൂന്നു ദിവസങ്ങള്‍ക്കു ശേഷം പൂര്‍ണ ആരോഗ്യവതിയായി ആശുപത്രി വിട്ടു. താക്കോല്‍ദ്വാരം വഴിയുള്ള ശസ്ത്രക്രിയ ആയിരിക്കുന്നതിനാല്‍ വളരെ ചെറിയ മുറിവ് വേണ്ടി വന്നൂ എന്നതിനാല്‍ രക്തം ചോരുന്നതും വേദന ഉണ്ടാകുന്നതും ഒഴിവാക്കാനായി. ഡോ. ഷീജാ വര്‍ഗീസ് (അനസ്തേഷ്യ), ഡോ. റോഷ്നി സുഭാഷ് (ലാപ് സര്‍ജന്‍), ഡോ. ഡോ അശ്വിന്‍ ആന്റണി, ഡോ. ധരണി, നഴ്സുമാരായ ഷിജി, ജെറിന്‍ എന്നിവര്‍ ഡോ. സിറിയക്കിനെ സഹായിച്ചു. ആശുപത്രി ഡയറക്ടര്‍ ഡോ. സിറിയക് പാപ്പച്ചന്‍, സി.ഇ.ഓ ഡോ. ജോര്‍ജ് ചാക്കച്ചേരി, പി.ആര്‍.ഓ ഡി. ശ്രീകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.