തിരുവനന്തപുരം: അയ്യപ്പന്‍മാരെ ദ്രോഹിച്ച ചരിത്രമാണ് സര്‍ക്കാരിനുള്ളതെന്നും ആഗോള അയ്യപ്പ സംഗമം ശബരിമലയില്‍ സര്‍ക്കാരിന്റെ പ്രായശ്ചിത്തമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അയ്യപ്പ സംഗമത്തിലെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാന്‍ ഇല്ല. ഈശ്വര വിശ്വാസികളായ സംഘടനകള്‍ പിന്തുണ നല്‍കുന്നത് സ്വാഭാവികമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ശബരിമലയില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയൂം പരിപാടിയെ പിന്തുണച്ച് രംഗത്തുവന്നു. അയ്യപ്പ സംഗമം നല്ലതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നല്ല ഉദ്ദേശത്തോടെയുള്ള പരിപാടിയില്‍ രാഷ്ട്രീയം കലര്‍ത്തുന്നതില്‍ ദേവസ്വം ബോര്‍ഡിന് അതൃപ്തി. യുഡിഎഫ് ബിജെപി എതിര്‍പ്പുകള്‍ക്കിടയിലും അയ്യപ്പ സംഗമത്തിനായി ഒരുക്കങ്ങള്‍ സര്‍ക്കാരും ബോര്‍ഡും വേഗത്തിലാക്കി.

സെപ്റ്റംബര്‍ 20ന് പമ്പാ ത്രിവണി സംഗമത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തെ ചൊല്ലിയാണ് അഭിപ്രായ ഭിന്നത. ചടങ്ങ് ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും നിലപാട് പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം സമുദായ സംഘടനകളും അയ്യപ്പ സംഗമത്തെ അനുകൂലിക്കുകയാണ്.

വിശ്വാസവും ആചാരങ്ങളും സംരക്ഷിച്ചുകൊണ്ട് പരിപാടി നടത്തണമെന്നാണ് ശിവഗിരി മഠത്തിന്റെയും നിലപാട്. ശബരിമലയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ചടങ്ങിലേക്ക് മതസമുദായിക സംഘടനകളെ ക്ഷണിക്കും. രാഷ്ട്രീയപ്പാര്‍ട്ടികളെ ഉള്‍പ്പെടെ ക്ഷണിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് തീരുമാനം.