റാന്നി: സ്വകാര്യ കമ്പനി കേബിള്‍ ഇടാന്‍ കുഴിയെടുത്തതോടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം കുതിച്ചൊഴുകി സംസ്ഥാന പാതയുടെ മധ്യഭാഗം പൊട്ടിത്തകര്‍ന്നു. പുനലൂര്‍ - മുവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി ബ്ലോക്കുപടി കുത്തുകല്ലുങ്കല്‍ പടിക്കും മന്ദിരത്തിനുമിടയിലാണ് റോഡ് തകര്‍ന്നത്.

റോഡിന്റെ വശത്തുകൂടി എയര്‍ടെല്‍ കമ്പനിയുടെ ഒപ്റ്റിക്കല്‍ ബൈഫര്‍ കേബിള്‍ സ്ഥാപിക്കുന്നതിനിടയിലാണ് റാന്നി മേജര്‍ ജലവിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. റോഡ് നിശേഷം തകര്‍ന്ന് റോഡ് മധ്യത്തില്‍ വന്‍ കുഴി രൂപപ്പെട്ടു. രാവിലെ 11 മണിയോടെയാണ് സംഭവം. റോഡിന്റെ വശത്തുകൂടി പോയ110 എം.എം കുടിവെള്ള വിതരണ പൈപ്പില്‍ ഡ്രില്ലിങ് മെഷീന്‍ തട്ടിയാണ് പൊട്ടിയത്. വെള്ളം ശക്തിയായി ഭൂമിക്കടിയിലൂടെ എത്തി നിര്‍മ്മാണം പൂര്‍ത്തിയായ ഹൈവേയുടെ മധ്യഭാഗത്ത് വച്ച് ടാറിങ് പൊളിഞ്ഞ് മുകളിലേക്ക് ഒഴുകി.

വെള്ളം കുതിച്ചൊഴുകി റോഡ് തകര്‍ന്നതോടെ ഗതാഗതം തടസപ്പെട്ടു. പിന്നീട് കെ.എസ്.ടി.പി അധികൃതരും ജല അതോറിറ്റി ജീവനക്കാരും സംഭവസ്ഥലം പരിശോധിച്ചു. റോഡില്‍ വള്ളി വലിച്ചുകെട്ടി അപകട സൂചന നല്‍കി. അപകടം ഒഴിവാക്കാനായി വാഹനങ്ങള്‍ തിരിച്ചുവിട്ടു. കുടിവെള്ള വിതരണവും മുടങ്ങി. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനായി ഇവിടെ നിര്‍മാണപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നുവരികയാണ്.