തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ സ്ഥാനത്തു നിന്ന് കെ എസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഇതിനൊപ്പം ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി ഡിജോ കാപ്പനെ മാറ്റി. സിന്‍ഡിക്കറ്റ് യോ?ഗത്തില്‍ ഇടത് അംഗങ്ങളുടെ ആവശ്യം താല്‍കാലിക വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ അംഗീകരിച്ചു. ഡോ. ആര്‍ രശ്മിയ്ക്കാണ് പകരം ചുമതല. കാര്യവട്ടം ക്യാംപസിലെ ജോയിന്റ് രജിസ്ട്രാറാണ് ഡോ. രശ്മി. ഫലത്തില്‍ രജിസ്ട്രാര്‍ സ്ഥാനത്തു നിന്ന് കെ എസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത് അംഗീകരിക്കുകയായിരുന്നു സിന്‍ഡിക്കേറ്റ്.

രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന് പകരം മിനി ഡിജോ കാപ്പനെ രജിസ്ട്രാറായി നിയമിച്ചത് താല്‍കാലിക വി സിയാണ്. കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ആര്‍എസ്എസ് പരിപാടിയിലെ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാല്‍ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് രാജ്ഭവന്റെ നിര്‍ദേശത്തില്‍ വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍, കെ എസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ നിയമ നടപടി തുടരുകയാണ്. ഇതിനിടെയാണ് സിന്‍ഡിക്കേറ്റ് തീരുമാനം.