കോഴിക്കോട്: കളക്ടറേറ്റിലെ ഓണാഘോഷത്തിനിടെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയനായ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. കളക്ടറേറ്റിലെ കെ സെക്ഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് ജീവനക്കാരി പരാതി നല്‍കിയിരുന്നത്. ഡെപ്യൂട്ടി കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

വ്യാഴാഴ്ചായിരുന്നു കളക്ടറേറ്റിലെ ഓണാഘോഷം. കളക്ടര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ജീവനക്കാരിക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡെപ്യൂട്ടി കളക്ടര്‍ പരാതിക്കാരിയുടെയും ജീവനക്കാരന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജീവനക്കാരനെ സസ്പെന്‍ഡ്ചെയ്തത്.