തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു പിന്നാലെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവത്തില്‍ സുമയ്യ വിദഗ്ധ സമിതിക്ക് മുന്നില്‍ മൊഴി നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട രേഖകള്‍ വിദഗ്ധ സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചു. കൂടുതല്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി വിപുലീകരിച്ച സമിതിയാണ് ചികിത്സ പിഴവ് പരാതി അന്വേഷിക്കുന്നത്.

അതേസമയം സുമയ്യ പൊലീസിന് നല്‍കിയ പരാതി കന്റോണ്‍മെന്റ് എ.സി.പി അന്വേഷിക്കും. കന്റോണ്‍മെന്റ് സി ഐ അയായിരുന്നു നിലവില്‍ അന്വേഷിച്ചിരുന്നത്. ചികിത്സ പിഴവുകളെ സംബന്ധിച്ച് ഡിവൈഎസ്പി റാങ്കിലുള്ളവര്‍ അന്വേഷിക്കണമെന്നതിനാലാണ് പരാതി എ.സി.പിക്ക് കൈമാറിയത്.

2023 മാര്‍ച്ചില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു പിന്നാലെ, ശസ്ത്രക്രിയയുടെ ഭാഗമായി ഉപയോഗിച്ച ഗൈഡ്വയര്‍ ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ കുടുങ്ങിയ അവസ്ഥയിലാണ് സുമയ്യ നീതി തേടിയിറങ്ങിയത്. ഇപ്പോള്‍ ശ്വാസതടസ്സം ഉള്‍പ്പെടെ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സുമയ്യ പറഞ്ഞു.ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും സുമയ്യയും കുടുംബവും സന്ദര്‍ശിച്ചിരുന്നു.