ശബരിമല: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട തുറന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ശ്രീകോവിലില്‍ തുറന്ന് ദീപം തെളിയിച്ചു. ഭസ്മാഭിഷിക്തനായ ഭഗവാനെ ഭക്തര്‍ കണ്ടുതൊഴുതു. ഉത്രാടദിനമായ വ്യാഴാഴ്ച സന്നിധാനത്ത് സദ്യ നടക്കും. മേല്‍ശാന്തിയുടെ വകയാണ് ഉത്രാടസദ്യ. ഇതിനായുള്ള പച്ചക്കറി നുറുക്കല്‍ ദീപാരാധനയ്ക്കുശേഷം ശ്രീകോവിലിന് മുന്നില്‍നടന്നു. ഉച്ചപൂജയ്ക്കുശേഷം ഭഗവാന് സദ്യവിളമ്പും. തുടര്‍ന്ന് ഭക്തര്‍ക്കും നല്‍കും.

തിരുവോണസദ്യ ദേവസ്വം ജീവനക്കാരുടെ വകയാണ്. അവിട്ടം നാളില്‍ സന്നിധാനത്ത് ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരാണ് സദ്യ നടത്തുന്നത്. പൂജകള്‍ പൂര്‍ത്തിയാകുന്നത് ഞായറാഴ്ചയാണ്. അന്നുരാത്രി 9.50 മുതല്‍ ചന്ദ്രഗ്രഹണമായതിനാല്‍ 8.50-ന് ഹരിവരാസനം പാടും. ഒന്‍പതോടെ നട അടയ്ക്കും.