തിരുവനന്തപുരം: ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ശാലിനി മേദിപ്പള്ളിയും കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഇന്നൊസെന്‍ഷ്യ അച്ചയ്യയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലിനെ സന്ദര്‍ശിച്ച് ഉഭയകക്ഷി താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഭക്ഷ്യക്കമ്മീഷന്‍ ചെയര്‍മാന്‍ ഡോ: ജിനു സഖറിയ ഉമ്മനും ചര്‍ച്ചകളില്‍ പങ്കെടുത്തു.

കേരളത്തിലെ പൊതുവിതരണ രംഗത്തിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും പ്രവര്‍ത്തനക്ഷമതയെ പറ്റിയും മന്ത്രി വിശദീകരിച്ചു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ മന്ത്രി വിശദീകരിച്ചു. ഉത്സവ സമയങ്ങളില്‍ സപ്ലൈകോ വിപണിയില്‍ നടത്തുന്ന വിപുലമായ ഇടപെടലുകളെ കുറിച്ചും മന്ത്രി സംസാരിച്ചു.

ദരിദ്ര-ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന പ്രത്യേക പരിഗണന, വിദൂര സ്ഥലങ്ങളില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍കടകള്‍, പൊതുവിതരണ സംവിധാനത്തിന്റെ ആധുനിക മുഖമായ കെ സ്റ്റോറുകള്‍, കിടപ്പ് രോഗികള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ വിഹിതം എത്തിച്ചു നല്‍കുന്ന 'ഒപ്പം' പദ്ധതി എന്നിവയെപ്പറ്റിയും മന്ത്രി വിശദീകരിച്ചു. കേരളം ഈ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.