പത്തനംതിട്ട: പരാതിക്കാരിയായ യുവതിക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചു ശല്യം ചെയ്ത കേസില്‍ അടൂര്‍ സ്റ്റേഷനിലെ പോലിസുകാരന് സസ്‌പെന്‍ഷന്‍. സിപിഒ സുനിലിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ മുന്‍പു തിരുവല്ല സിപിഒ ആയിരുന്നപ്പോഴാണു വാഹനാപകട കേസിലെ പരാതിക്കാരിക്കു സന്ദേശം അയച്ചത്.

സുനില്‍ സമൂഹമാധ്യമം വഴി സന്ദേശം അയച്ചതായി പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല എഎസ്‌ഐ മിത്ര വി.മുരളി കഴിഞ്ഞ ദിവസം പരാതിക്കാരിയെ സന്ദര്‍ശിച്ചു മൊഴി എടുത്ത് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നാലെയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.