കല്‍പ്പറ്റ: വയനാട്ടില്‍ കല്‍പ്പറ്റ നഗരത്തിനടുത്തുള്ള പെരുന്തട്ടയില്‍ കടുവയും പുലിയും ഏറ്റുമുട്ടിയെന്ന് നാട്ടുകാര്‍. ജനവാസകേന്ദ്രത്തില്‍ ഹെല്‍ത്ത് സെന്ററിനു സമീപം തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു വന്യമൃഗങ്ങളുടെ സംഘട്ടനമെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞു. ഇത് കുറച്ചുനേരം നീണ്ടുനിന്നതായി അവര്‍ പറയുന്നു. ഇന്നു രാവിലെ വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലി-കടുവ ഏറ്റുമുട്ടല്‍ സ്ഥിരീകരിച്ചില്ലെന്നാണ് വിവരം. ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് വന്യമൃഗത്തിന്റെ രോമവും വിസര്‍ജ്യവും കണ്ടെത്തിയിട്ടുണ്ട്.

പുലി സാന്നിധ്യമുള്ള പ്രദേശമാണ് തോട്ടം മേഖലയിലുള്ള പെരുന്തട്ട. ഇവിടെനിന്നു ഏതാനും കിലോമീറ്റര്‍ അകലെ ചുണ്ടേലിനു സമീപം കഴിഞ്ഞ ദിവസം കടുവ എത്തിയിരുന്നു.