കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ ബോംബെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കുട്ടികള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സതേടി. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ ഫാത്തിമ (14), ആയിഷത്ത് ഷിഫാന (13), ആയിഷ ബഹ്‌റ (13), സഫാ ഫാത്തിമ (14), നിഫാ ഫാത്തിമ (13), ഫിദാ ഫാത്തിമ (14), സാറാ സഹ്ന (14), മുഹമ്മദ് റിസ്വാന്‍ (8) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

തിങ്കളാഴ്ച രാത്രി 11-ഓടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ നാലുപേര്‍ ചൊവ്വാഴ്ച രാവിലെയും പത്തു പേര്‍ ഉച്ചതിരിഞ്ഞും ആസ്പത്രി വിട്ടു. പള്ളിക്കര പൂച്ചക്കാട് തെക്കുപുറം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിനാഘോഷത്തില്‍ വൊളന്റിയര്‍മാരായിരുന്നു കുട്ടികള്‍. കുട്ടികള്‍ക്ക് സംഘാടകള്‍ ലഘുഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വിളമ്പിക്കഴിഞ്ഞപ്പോള്‍ ഭക്ഷണം തികഞ്ഞില്ല. തുടര്‍ന്ന് സംഘാടകര്‍ വേദിയുടെ തൊട്ടടുത്തുള്ള ബോംബെ ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങിനല്‍കുകയായിരുന്നു. കഴിച്ച് അരമണിക്കൂറിനുള്ളില്‍ കുട്ടികള്‍ ചര്‍ദിക്കാന്‍ തുടങ്ങി. സംഘാടകര്‍ എല്ലാവരെയും ഉടന്‍ ആസ്പത്രിയിലെത്തിച്ചു. ബേക്കല്‍ പോലീസിനെയും പള്ളിക്കര പഞ്ചായത്ത് ആരോഗ്യവിഭാഗത്തെയും വിവരം അറിയിച്ചു.

പൂച്ചക്കാട്ടെ ബോംബെ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടിച്ചു. ചൊവ്വാഴ്ച രാവിലെ ഹോട്ടലിലെത്തിയ ഭക്ഷ്യസുരക്ഷാവിഭാഗം ജീവനക്കാര്‍ ഷവര്‍മയുടെ സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട്ടെ ലാബിലേക്ക് അയച്ചു. തുടര്‍ന്ന് നോട്ടീസ് നല്‍കി സ്ഥാപനം അടപ്പിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധനാഫലം പ്രതീക്ഷിക്കുന്നതായി ഭക്ഷ്യസുരക്ഷാവിഭാഗം അസി. കമ്മിഷണര്‍ പറഞ്ഞു.