കാസര്‍കോഡ്: മാതാവിന് ചെലവിന് കൊടുക്കാത്ത മകനെ ആറ് മാസം ജയിലില്‍ അടക്കാന്‍ ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ കോടതി. അമ്പലത്തറ കാഞ്ഞിരപ്പൊയില്‍, ചോമന്‍കോട് സ്വദേശിനി ഏലിയാമ്മ ജോസഫ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. ഏലിയാമ്മയുടെ മകന്‍ മടിക്കൈ മലപ്പച്ചേരി വടുതലകുഴിയിലെ പ്രതീഷിനാണ് ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചത്.

കുടിശ്ശിക തുകയായ 12,000 രൂപ നല്‍കിയാല്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല. മാതാപിതാക്കള്‍ക്ക് ചിലവിന് കൊടുക്കാത്ത കേസില്‍ ഇത്തരമൊരു വിധിയുണ്ടാകുന്നത് അപൂര്‍വമാണ്. 2025 മാര്‍ച്ച് 18 ന് മാതാവിന് പ്രതിമാസം സംരക്ഷണ തുകയായ 2000 രൂപ നല്‍കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ തുക മകന്‍ നല്‍കുന്നില്ലെന്നും അതിനാല്‍ നടപടി സ്വീകരിക്കണമെന്നുമാശ്യപ്പെട്ട് ഏപ്രില്‍ 24 നാണ് ഏലിയാമ്മ ജോസഫ് കോടതിയില്‍ പരാതി നല്‍കിയത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 5(8), ബി എന്‍ എസ് എസ് 144 നിയമ പ്രകാരമാണ് ഉത്തരവ്.

ഏപ്രില്‍ 24 നാണ് ഏലിയാമ്മയുടെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചത്. തുക പത്ത് ദിവസത്തിനുള്ളില്‍ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതീഷിന് മടിക്കൈ വില്ലേജ് ഓഫിസര്‍ മുഖേന നോട്ടീസ് നല്‍കിയെങ്കിലും പ്രതീഷ് ഇത് മടക്കി. തുടര്‍ന്ന് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വാറണ്ട് പുറപ്പെടുവിച്ചു.

ജൂണ്‍ നാലിന് പ്രതീഷ് ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരായി പണം നല്‍കാന്‍ സാധിക്കില്ലെന്നും സഹോദരി അമ്മയെ സംരക്ഷിക്കുന്നില്ലെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍, സഹോദരിക്കെതിരെ പരാതിയൊന്നും ട്രൈബ്യൂണലില്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ജൂലൈ 10 ന് നടന്ന വിചാരണയില്‍ ഏലിയാമ്മയും മകനും ഹാജരായി.

ജുലൈ 31 നകം സംരക്ഷണ തുകയുടെ ഒരു ഗഡു നല്‍കണമെന്നും അല്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ട്രൈബ്യൂണല്‍ പ്രതീഷിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ തുക നല്‍കിയിട്ടില്ലെന്ന് കാണിച്ച് ഏലിയാമ്മ ഓഗസ്റ്റ് 12ന് വീണ്ടും ട്രൈബ്യൂണലില്‍ പരാതി നല്‍കുകയായിരുന്നു.