തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അഭിപ്രായപ്പെട്ടു. കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തിരഞ്ഞെടുപ്പ് പങ്കാളിത്തം എന്ന ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ദേശീയതലത്തില്‍ 2-3 ശതമാനം വരുന്ന ഭിന്നശേഷി വിഭാഗത്തിന് തിരഞ്ഞെടുപ്പില്‍ സുഗമമായി പങ്കെടുക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സുപ്രീം കോടതിയുടെ പിന്തുണയടക്കം ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍, സര്‍ക്കാരുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ ഈ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ തന്നെ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ രജിസ്ട്രേഷന്‍ പൂത്തിയാക്കി വോട്ടിംഗ് പ്രക്രിയയില്‍ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്.

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി സാര്‍വത്രിക വോട്ടവകാശമാണ്. അര്‍ഹരായ ഒരാള്‍ പോലും വോട്ടര്‍പട്ടികയില്‍ നിന്ന് വിട്ടുപോകാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. 18 വയസ് പൂര്‍ത്തിയായ എല്ലാവരെയും വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാനുള്ള പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. 1951-52 കാലയളവില്‍ വിവിധ പരിമിതികളെ മറികടന്ന് തെരഞ്ഞെടുപ്പ് പ്രകിയയുടെ ഭാഗമായവരാണ് ഇന്ത്യന്‍ ജനത. ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ആയുധമെന്ന നിലയില്‍ ഉചിതരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം എല്ലാ വിഭാഗം ജനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷി വിഭാഗത്തെ സംബന്ധിച്ച് ശില്‍പശാലയിലെ വിവിധ പാനല്‍ ചര്‍ച്ചകളില്‍ ഉണ്ടാകുന്ന നിര്‍ദേശങ്ങളും ശുപാര്‍ശകളും ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. രത്തന്‍ യു കേല്‍ക്കല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമ്പൂര്‍ണമായ ഭിന്നശേഷി പ്രാതിനിധ്യം തെരഞ്ഞെടുപ്പില്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ശില്‍പശാലയില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് മുന്‍ കമ്മീഷണര്‍ പഞ്ചാപകേശന്‍ മുഖ്യപ്രഭാഷണം നടത്തി.