കൊച്ചി: കേരളത്തിലെ ഫാക്ടറികളില്‍ അപകടരഹിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വിഷന്‍ സീറോ കോണ്‍ക്ലേവ് ഓണ്‍ ഒക്കുപ്പേഷണല്‍ സേഫ്റ്റി & ഹെല്‍ത്ത്' സുരക്ഷിതം 3.0 ക്ക് ഒക്ടോബര്‍ 10ന് തുടക്കമാകുമെന്ന് തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സെമിനാറിനു മുന്നോടിയായി എറണാകുളം ടൗണ്‍ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ 10, 11 തീയതികളില്‍ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പാക്കുക എന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. 2030-ഓടെ അപകടരഹിതമായ സംസ്ഥാനം എന്ന ലക്ഷ്യം നേടാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്. ഇതിനായി അന്താരാഷ്ട്ര തലത്തിലുള്ള അറിവുകളും അനുഭവങ്ങളും പങ്കുവെക്കാന്‍ സുരക്ഷിതം 3.0 വേദി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ സെമിനാറില്‍ പങ്കെടുക്കും . ഫാക്ടറികളില്‍ നിന്നുള്ള പ്രതിനിധികള്‍, സേഫ്റ്റി ഓഫീസര്‍മാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങി അറുനൂറോളം പേര്‍ സെമിനാറിന്റെ ഭാഗമാകും. തൊഴില്‍ സുരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ ആശയങ്ങള്‍ പങ്കുവെക്കുന്നതിനും സെമിനാര്‍ സഹായകമാകും.