കോഴിക്കോട്: യുവാവിന്റെ പെട്ടന്നുള്ള മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. കോന്നാട് ബീച്ചില്‍ തോണിച്ചാല്‍ വീട്ടില്‍ അസീമി(40)ന്റെ മൃതദേഹമാണ് സംസ്‌ക്കരിച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പുറത്തെടുത്തത് പരിശോധന നടത്തിയത്. സംശയിക്കുന്നതരത്തിലുള്ള പരിക്കുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് വെള്ളയില്‍ പോലീസ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

വ്യാഴാഴ്ച രാവിലെ വെള്ളയില്‍ പോലീസിന്റെയും റവന്യൂവകുപ്പിന്റെയും സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ശനിയാഴ്ച ഒന്‍പതുമണിയോട് കൂടി സ്വന്തംവീട്ടില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന അസീമിനെ ഭാര്യയും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ഏഴിന് പുലര്‍ച്ചെ രണ്ടോടെ് മരിച്ചു. തോപ്പയില്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഞായറാഴ്ചയാണ് മൃതദേഹം സംസ്‌കരിച്ചിരുന്നത്.

തുടര്‍ന്ന് നെഞ്ചിലും വലതുകൈക്കും മുഖത്തും പരിക്കുണ്ടെന്നും മരണത്തില്‍ സംശയമുണ്ടെന്നും ഭാര്യയുടെയും ബന്ധുക്കളുടെയും പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്.