തിരുവനന്തപുരം: ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നീക്കങ്ങളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആര്‍ടിസി പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അര്‍പ്പണ മനോഭാവത്തോടെ അക്ഷീണം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണെന്നാണ് വിശദീകരണം. ഫലത്തില്‍ ഇത് മന്ത്രി ഗണേഷിനുള്ള അംഗീകാരമാണ്.

നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളില്‍ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തില്‍ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന് മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആര്‍ടിസി പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അര്‍പ്പണ മനോഭാവത്തോടെ അക്ഷീണം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളില്‍ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തില്‍ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍.

അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആര്‍ടിസി പ്രതിദിനം വരുമാനത്തിലും റെക്കോര്‍ഡ് നേട്ടവുമായി കുതിക്കുകയാണ്. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബര്‍ എട്ടിന് കെഎസ്ആര്‍ടിസി കൈവരിച്ചത്. സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവര്‍ത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആര്‍ടിസിയില്‍ നടന്നത്. ഈ മാറ്റങ്ങള്‍ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആര്‍ടിസി കൈവരിച്ച ചരിത്ര നേട്ടം. ട്രാവല്‍ കാര്‍ഡ്, യുപിഐ പെയ്‌മെന്റ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആര്‍ടിസി സ്വീകരിച്ച പുതു രീതികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകള്‍ നിരത്തിലിറക്കി മികവാര്‍ന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു.

മുടങ്ങിക്കിടന്ന പല സര്‍വീസുകളും പുനരാരംഭിച്ചതും വരുമാന വര്‍ദ്ധനവിന് സഹായകമായി. കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും ഏറ്റവും ലളിതവും സുതാര്യവും ആയിരുന്നു. ഇത് കെഎസ്ആര്‍ടിസിയുടെ ജനപ്രീതിയും വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. തകര്‍ന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാര്‍ക്കും മാനേജ്‌മെന്റിനും നേതൃത്വത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.