കണ്ണൂര്‍ : ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയാറാക്കാന്‍ ചോദ്യം. ഉത്തരക്കടലാസില്‍ അക്കമിട്ട് എഴുതിയ ഉത്തരങ്ങളില്‍ അവസാനമായി മൂന്നാം ക്ലാസുകാരന്‍ അഹാന്‍ അനൂപ് എഴുതി- ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്. അഹാന്റെ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അഭിനന്ദവുമായി മന്ത്രി വി ശിവന്‍കുട്ടിയുമെത്തി. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ പകര്‍ത്തിയ മൂന്നാം ക്ലാസുകാരന് അഭിവാദ്യങ്ങള്‍ നേരുന്നതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി അഹാന്‍ അനൂപാണ് ഉത്തരക്കടലാസില്‍ ജീവിതത്തിലെ മികച്ച സന്ദേശം പകര്‍ത്തി മാതൃകയായത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കളികളുടെ നിയമാവലി തയാറാക്കാനായിരുന്നു ചോദ്യം. സ്പൂണും നാരങ്ങയുമാണ് അഹാന്‍ ഇഷ്ടകളിയായി തെരഞ്ഞെടുത്തത്. കളിയുടെ നിയമാവലിയിലാണ് ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത് എന്ന് അഹാന്‍ എഴുതിയത്. അഹാന്റെ കുറിപ്പ് പങ്കുവച്ച മന്ത്രി നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നതെന്നും കുറിച്ചു.

മന്ത്രി പങ്കുവച്ച കുറിപ്പ്

ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ പകര്‍ത്തിയ മൂന്നാം ക്ലാസുകാരന് അഭിവാദ്യങ്ങള്‍.

അഹാന്‍ അനൂപ്,

തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂള്‍

നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്.