തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ കവര്‍ച്ചാ സംഘവും സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ കൊള്ളക്കാരാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎമ്മിന്റെ ദയനീയമായ അധഃപതനമാണ് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയുടെ ശബ്ദരേഖയിലൂടെ പുറത്തുവന്നത്. ജില്ലാ നേതൃത്വത്തിലുള്ളവര്‍ക്ക് കോടികളുടെ ആസ്തിയുണ്ട്. എല്ലാ തരത്തിലും കളങ്കിതരാണെന്നാണ് ഡിവൈഎഫ്ഐ നേതാവ് പറഞ്ഞത്. എല്ലാ വൃത്തികെട്ട ഇടപാടുകളിലും സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടന്നതിന്റെ വ്യക്തമായ തെളിവാണ് പുറത്തുവന്നതെന്നും സതീശന്‍ ആരോപിച്ചു.

കരുവന്നൂരില്‍ 400 കോടിയലധികമാണ് പാവപ്പെട്ടവര്‍ക്ക് നഷ്ടമായത്. സിപിഎം നേതാക്കള്‍ സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണ്. ആ കേസില്‍ ഇഡി അന്വേഷണം നടത്തിയിട്ട് എവിടെ പോയി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇവരെ ഭീഷണിപ്പെടുത്തി ബിജെപിക്ക് അനുകൂലമാക്കി. കൊള്ളക്കാരുടെ സംഘമായി സിപിഎം ജില്ലാ നേതൃത്വം മാറിയെന്ന് പറയുന്നത് പ്രതിപക്ഷമല്ലെന്നും ഡിവൈഎഫ്‌ഐയാണെന്നും സതീശന്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചിരിക്കുയാണ്. കെഎസ്യു നേതാക്കന്‍മാരെ കൈയാമം വച്ച് കറുത്ത തുണിയിട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. അവര്‍ തീവ്രവാദികളാണോ, കൊടും കുറ്റവാളികളാണോ. കേരളത്തിലെ പോലീസിന്റെ പോക്ക് എങ്ങോട്ടാണ്. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന പോലീസുകാരാണ് ഈ സേനയിലുള്ളത്. ഇവരെല്ലാം സിപിഎമ്മിന്റെ എല്ലാ വൃത്തികേടിനും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരാണ്. പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് കെഎസ്യു നേതാക്കളെ അറസ്റ്റ് ചെയ്തത്.

പണ്ടൊക്കെ കോണ്‍ഗ്രസ് എല്ലാ പൊറുക്കമായിരുന്നു. ഇനി ഇതെല്ലാം ഓര്‍ത്തുവയ്ക്കും. ചെവിയില്‍നുള്ളി വച്ചോ ഈ വൃത്തികേട് കാണിക്കുന്ന ഉദ്യോഗസ്ഥന്‍ കാക്കിയിട്ട് നടക്കില്ല. ഇത്തരം കാടത്തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് മൗനം പാലിക്കുകയാണ്. ഒട്ടകപക്ഷിയെ പോലെ മണ്ണില്‍ തലപൂഴത്തി നില്‍ക്കുകയാണ്. പിണറായിയുടെ മൗനം ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.