- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ നിരക്ക് 2.07% മാത്രം; കേരളത്തില്‍ വിലക്കയറ്റം സര്‍വ്വകാല റിക്കോര്‍ഡില്‍ 9.4%; വിലക്കയറ്റത്തിന് കാരണം ഇടതു സര്‍ക്കാരിന്റെ കഴിവില്ലായ്മ; മോദി നാടിനെ വളര്‍ത്തുമ്പോള്‍ പിണറായി ജനങ്ങളെ തളര്‍ത്തുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിനു കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തുടര്‍ച്ചയായ എട്ടാം മാസവും വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് മാസത്തിലെ കേരളത്തിന്റെ പണപ്പെരുപ്പം 9.4 ആണ്. ദേശീയ ശരാശരി 2.07% ത്തിലേക്ക് കുറയുമ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ ഇത്ര വലിയ വിലക്കയറ്റം അനുഭവിക്കേണ്ടി വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടിന്റെ തെളിവാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ദേശീയതലത്തില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് നിശ്ചയിച്ച നിരക്കായ നാല് ശതമാനത്തിനും താഴെയാക്കി നിലനിര്‍ത്തി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമ്പോഴാണ് കേരളത്തിലെ വിലക്കയറ്റം അനിയന്ത്രിതമായി ഓരോ മാസം കഴിയുമ്പോഴും ഉയരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയാണ് പണപ്പെരുപ്പത്തില്‍ കേരളത്തിന്റെ തൊട്ടുപിന്നിലുള്ളത്. ദേശീയ ശരാശരി 2.07 ശതമാനവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതില്‍ താഴെയുമാണ് നിരക്ക്. യുപിയിലാണ് ഏറ്റവും കുറവ്. 0.26%. രാജസ്ഥാന്‍ 0.99% ഉം മധ്യപ്രദേശും ഗുജറാത്തും 1.24% ഉം ആണ്.
പണപ്പെരുപ്പം നിയന്ത്രിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി നിലംപരിശാക്കുന്ന തിരക്കിലാണ് കേരള മുഖ്യമന്ത്രിയും സര്‍ക്കാരും. മോദി നാടിനെ വളര്‍ത്തുമ്പോള്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തളര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ എട്ട് വര്‍ഷത്തെ കുറഞ്ഞ നിലയിലെത്തിയത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ചടുല നീക്കങ്ങളിലൂടെയാണ്.എന്നാല്‍ ഇതേ സമയം കേരളത്തിലെ പണപ്പെരുപ്പ നിരക്ക് പന പോലെ വളര്‍ന്ന് 9.4 ശതമാനത്തിലുമെത്തി.
പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയില്ലെങ്കിലും ജനങ്ങള്‍ക്കുമേല്‍ കേരള സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഒളിപ്പിച്ചു വച്ച നികുതി ഭാരമാണ് ഇതുണ്ടാക്കുന്ന ദ്രോഹം. ജിഎസ്ടി പരിഷ്‌കരിച്ച് സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ 175-ല്‍ അധികം ഇനങ്ങളുടെ വില രാജ്യത്ത് കുറയുമ്പോള്‍ അതിന്റെ ഗുണഫലം വിലക്കയറ്റം രൂക്ഷമായ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്.
കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ ഫാബ്രിക്കേറ്റഡ് മോഡലുകളെല്ലാം തകര്‍ന്നടിയുകയാണ്.പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിലാണ്. ഇത്രയുമൊക്കെയായിട്ടും വിപണിയില്‍ ഇടപെട്ട് വില പിടിച്ചു നിര്‍ത്താനോ, മറ്റ് നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. കഴിവുകെട്ട ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം.
എപ്പോഴും കടം വാങ്ങി നിത്യ ചെലവുകള്‍ നടത്തി, സ്വന്തമായി ഉത്പാദനം നടത്താതെ ഉപഭോക്തൃസംസ്ഥാനമായി കേരളത്തെ മാറ്റിയത് ഏഴ് പതിറ്റാണ്ട് മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളാണ്.
ഇവര്‍ രണ്ടുപേരെയും അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍ മാത്രമേ കേരളത്തില്‍ മാറ്റം കൊണ്ടുവരാനും ഈ ദുരവസ്ഥ അവസാനിപ്പിക്കാനും കഴിയുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.