തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇരുപതുകാരനെ അറുപത്തിമൂന്നു വര്‍ഷം കഠിനതടവിനും അമ്പത്തയ്യായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷവും ആറുമാസവും കൂടുതല്‍ തടവും അനുഭവിക്കേണ്ടിവരും. പിഴത്തുക കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. പതിന്നാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുക ആയിരുന്നു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്.

2022ലാണ് സംഭവം. പ്രതി എട്ടാം ക്ലാസില്‍ പഠിക്കു പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കുക ആയിരുന്നു. നവംബര്‍ ഒന്‍പതിനു വൈകീട്ട് ഏഴോടെ ചാലയില്‍വെച്ചായിരുന്നു സംഭവം. പ്രതി കുട്ടിയെ വീടിനു അടുത്തുള്ള പൊളിഞ്ഞ മുറിയില്‍ ബലംപ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയായി. ആശുപത്രിയില്‍ ചികിത്സയ്ക്കു പോയപ്പോഴാണ് ഡോക്ടര്‍ പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തി.

ഭ്രൂണവും പ്രതിയുടെയും കുട്ടിയുടെയും രക്ത സാമ്പിളുകളും ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ ഭ്രൂണം പ്രതിയുടേതും കുട്ടിയുടേതുമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു. ഈ സംഭവത്തിനു പുറമേ പ്രതിക്കു പ്രായപൂര്‍ത്തിയാകുംമുന്‍പും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയില്‍ ഒരു കേസുണ്ട്.