കോയമ്പത്തൂര്‍ : നിര്‍മ്മിത ബുദ്ധിക്ക് ഭരണഘടനാ നൈതികത പ്രയോഗിക്കാന്‍ കഴിയില്ലെന്നും ഈ കാലഘട്ടത്തില്‍ നമ്മുടെ ജീവിതത്തില്‍ അന്തിമ തീരുമാനം എടുക്കുമ്പോള്‍ മനുഷ്യമനസ്സിന് തന്നെ പ്രാധാന്യം നല്‍കണമെന്നും എ ഐ യെക്കാള്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ യുവ സമൂഹം തയ്യാറാകണമെന്നും കേന്ദ്ര നിയമ നീതിന്യായ വകുപ്പ് മന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാള്‍ അഭിപ്രായപ്പെട്ടു.

കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠം ക്യാപസില്‍ പ്രവര്‍ത്തനം ആരംഭിച്ച അമൃത ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ലോ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. ഇന്റര്‍നാഷണല്‍ ലോ സ്‌കൂള്‍ എന്ന ആശയം യാഥാര്‍ഥ്യമാവുന്നതു കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ട രമണി സന്ദേശത്തില്‍ പറഞ്ഞു.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ ആര്‍ ശ്രീരാം ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിക്ടോറിയ ഗൗരി മുഖ്യ പ്രഭാഷണം നടത്തി മാതാ അമൃതാനന്ദമയി മഠം ട്രഷററും സര്‍വ്വകലാശാല ഭരണ സമിതി അംഗവുമായ സ്വാമി രാമകൃഷ്ണാനന്ദ പുരി അനുഗ്രഹ ഭാഷണം നടത്തി. വൈസ് ചാന്‍സലര്‍ ഡോ വെങ്കട് രംഗന്‍ രജിസ്ട്രാര്‍ ഡോ പി അജിത് കുമാര്‍, ലോ സ്‌കൂള്‍ ഡീന്‍ അനില്‍ ജി വാര്യത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.