തിരുവനന്തപുരം: വെളിച്ചെണ്ണയുള്‍പ്പെടെ സപ്ലൈകോ വഴി നല്‍കുന്ന സബ്‌സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് പി.എസ്. സുപാല്‍ എം.എല്‍.എക്ക് നല്‍കിയ മറുപടിയില്‍ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ നിയമ സഭയെ അറിയിച്ചു. ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയില്‍ നിന്നും 319 ആയും ശബരി നോണ്‍ സബ്സിഡി 389 രൂപയില്‍ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍ നിന്നും 419 രൂപയായും കുറയ്ക്കും. തുവര പരിപ്പിന്റെ വില കിലോഗ്രാമിന് 93 രൂപയില്‍ നിന്ന് 88 രൂപയായും ചെറുപയറിന്റെ വില 90 രൂപയില്‍ നിന്ന് 85 രൂപയായും കുറയ്ക്കും. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

ഓണക്കാലത്ത് അരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി ഓരോ റേഷന്‍കാര്‍ഡിനും 20 കിലോഗ്രാം അരി 25 രൂപ വിലയ്ക്ക് നല്‍കിയിരുന്നു. ഇത് തുടര്‍ന്നും സപ്ലൈകോ വില്‍പനശാലകള്‍ വഴി നല്‍കുന്നതാണെന്നും മന്ത്രി ഉറപ്പുനല്‍കി. ഓണക്കാലത്ത് ഫലപ്രദമായി വിപണിയില്‍ ഇടപെട്ട് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. സപ്ലൈകോയുടെ ചരിത്രത്തിലെ എക്കാലത്തേയും പ്രതിദിന വില്പന റെക്കോഡ് മറികടന്നു. 56.73 ലക്ഷം കാര്‍ഡുടമകള്‍ സാധനങ്ങള്‍ കൈപ്പറ്റി. 386 കോടി രൂപയുടെ ആകെ വിറ്റുവരവ് ഉണ്ടായതില്‍ 180 കോടി രൂപയുടെ സബ്‌സിഡി വില്പനയില്‍ നിന്നാണെന്നും മന്ത്രി അറിയിച്ചു.