കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ അങ്കണവാടി ജീവനക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. ജൂലായ് മാസത്തിലാണ് കേസിനാസ്പമായ സംഭവം നടന്നത്. കാസര്‍കോഡ് കീഴൂര്‍ ചന്ദ്രഗിരി സ്വദേശി ഷംനാസ് മന്‍സിലില്‍ മുഹമ്മദ് ഷംനാസ് (32)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങണ്ണൂര്‍ അങ്കണവാടിയിലേക്ക് പോവുന്നതിനിടെ കുമ്മങ്കോട് സ്വദേശിനി ഉഷയുടെ മൂന്നര പവന്‍ മാല പിടിച്ചുപറിക്കുകയും പ്രതി സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു. തലശ്ശേരി മേഖലയില്‍ വ്യാപകമായി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയായ ഇയാളെ കാസര്‍കോട് എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളാണ് പിടികൂടിയത്.

കാസര്‍കോട് ,കണ്ണൂര്‍ ജില്ലകളില്‍ പ്രതിക്കെതിരെ 12 കേസുകള്‍ നിലവില്‍ ഉണ്ടെന്നും കേസുകള്‍ വിവിധ കോടതികളില്‍ വിചാരണ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.