കൊല്ലം: കൊട്ടിയത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. 11.78 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റിലായി. അയത്തില്‍ സ്വദേശി അരുണ്‍ മധു, പുന്തലത്താഴം സ്വദേശി ശരത്ത് മോഹന്‍ എന്നിവരാണ് പിടിയിലായത്. വിപണിയില്‍ 40000 രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന്റെ നിര്‍ദ്ദേശ പ്രകാരം ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കൊട്ടിയം സിഐ പ്രദീപ്, ഡാന്‍സാഫ് എസ്‌ഐ സായി സേനന്‍, എസ്‌ഐ കണ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മുഖത്തല, തൃക്കോവില്‍വട്ടം പ്രദേശങ്ങളിലെ പ്രധാന ലഹരി വില്‍പനക്കാരാണ് ഇരുവരുമെന്നാണ് വിവരം. ഇവര്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കിയവരെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.