തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. 3500 പേര്‍ പരമാവധി പങ്കെടുക്കുമെന്നും പ്രധാന പന്തല്‍ (ജര്‍മന്‍ പന്തല്‍) പൂര്‍ത്തിയായി എന്നും മന്ത്രി അറിയിച്ചു. മൂന്ന് വേദികളില്‍ ചര്‍ച്ച നടക്കും. ആദ്യ സെഷനില്‍ മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പടെ ചര്‍ച്ചയാകും.

ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ബാധ്യത വരില്ല. ഫണ്ട് സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണെന്നും 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ദേവസ്വം മന്ത്രി പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും പങ്കെടുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

5000 അധികം രജിസ്‌ട്രേഷന്‍ വന്നിരുന്നു. അതില്‍ മുന്‍ഗണന വെച്ചാണ് തീരുമാനിച്ചത്. മുമ്പ് വന്നിട്ടുള്ള ആളുകള്‍, സംഘടനകള്‍ എന്നിങ്ങനെയാണ് മുന്‍ഗണന നല്‍കിയത്. ആകെ 1000 കോടിയില്‍ അധികം രൂപയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യും. രണ്ടാം സെഷനില്‍ തീര്‍ത്ഥാടക ടൂറിസവും മൂന്നാം സെഷനില്‍ തിരക്ക് ക്രമീകരണവും ചര്‍ച്ചയാകും. എന്‍എസ്എസ് വൈസ് പ്രസിഡന്റ്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.

താമസം സൗകര്യം, യാത്ര സൗകര്യം ഉള്‍പ്പടെ ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെങ്കിലും വരുന്ന കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ അടക്കം സംഗമത്തില്‍ അവതരിപ്പിക്കും. അതിലും സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ പ്രതീക്ഷിക്കുന്നുണ്ട്. ഇതിലും കോടതി നല്ല നിര്‍ദേശങ്ങളാണ് തന്നിട്ടുള്ളത്. സംഗമം നല്ല രീതിയില്‍ പോകണം എന്നതാണ് ഹൈക്കോടതിയും സുപ്രീംകോടതിയും പറഞ്ഞിട്ടുള്ളതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.