തിരുവനന്തപുരംന്മ സംസ്ഥാനത്ത് പാല്‍വില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി നിയമസഭയില്‍. ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വില വര്‍ധിപ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ മില്‍മ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇത് ചായക്കടക്കാര്‍ക്കും ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കും വെല്ലുവിളിയാകും.

വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നും തോമസ് കെ. തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് കൂടുതല്‍ വില കൊടുക്കുന്ന സംസ്ഥാനം കേരളമാണെന്നും ഒരു ലീറ്ററിന് 43.17 രൂപയാണ് കര്‍ഷകര്‍ക്കു നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നിരുന്നു. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.