കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു. ശരീരമാസകലം കുത്തേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും തകര്‍ത്തിട്ടുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ താമരശ്ശേരി താഴെ പരപ്പന്‍ പൊയിലില്‍ വെച്ച് കാറില്‍ എത്തിയ സംഘമാണ് ജിനീഷിനെ കുത്തിയത്.

കുത്തേറ്റ മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും, തട്ടിക്കൊണ്ടു പോകല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയുമാണ്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും കാറില്‍ എത്തിയ സംഘമാണ് കുത്തിയത്. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.

ജിനീഷിന്റെ അരയില്‍ ഉണ്ടായിരുന്ന കത്തി സംഘര്‍ഷമുണ്ടായ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു, എന്നാല്‍ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല കുത്തിയവരെപ്പറ്റിയും ഇതുവരെ വിവരം ലഭിച്ചിട്ടില്ല, താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.