തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 59 വയസുകാരനാണ് രോഗബാധ. അബോധാവസ്ഥയില്‍ കണ്ടെത്തിയ വയോധികനെ വളണ്ടിയര്‍മാരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ സിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. രോഗി ഇപ്പോഴും അബോധാവസ്ഥയിലാണ്. പുതുതായി ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. മൂന്ന് കുട്ടികളടക്കമാണ് ഈ ലിസ്റ്റില്‍ ഉള്ളത്.

അതിനിടെ, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോള്‍ സമരങ്ങളില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പീരങ്കിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും കൊച്ചി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്‍മാന്‍ പരാതി നല്‍കി

കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധപ്രകടനം നടക്കുന്നുണ്ട്. സമരക്കാര്‍ അതിരുകടക്കുമ്പോള്‍ ജലപീരങ്കിയാണ് പൊലീസിന്റെ പ്രാധാന പ്രതിരോധ മാര്‍ഗം. ശക്തമായി വെള്ളം ചീറ്റുമ്പോള്‍ മൂക്കില്‍ ക്കൂടി ഇത് കയറാനുള്ള സാധ്യത കൂടുതലാണ്. പൊലീസ് ക്യാമ്പുകളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് പീരങ്കിയിലേക്ക് സാധാരണ വെള്ളം നിറയ്ക്കുക. അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാകുമ്പോള്‍ സമരക്കാരെ നേരിടാന്‍ ചെളിവെള്ളം നിറയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.