- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിലെ കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത; മാര്‍ത്തോമ്മ പള്ളികളില്‍ ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന; ആഗോളതലത്തില്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദവും പ്രതിഷേധവും ഉയരണമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ
ഗസ്സയിലെ കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
തിരുവല്ല: ഗസ്സയില്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ ആഗോളതലത്തില്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദവും പ്രതിഷേധവും ഉയരണമെന്ന് മാര്‍ത്തോമ്മ സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു.
ഇസ്രായേല്‍ പിന്‍മാറാതെ കടുത്ത രീതിയിലുള്ള കര, വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 75ലധികം ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ പലായനം ചെയ്തു കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏകദേശം 65,000ത്തിലധികം പേര്‍ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി
അവിടുത്തെ ആശുപത്രികളില്‍ അവശ്യം വേണ്ട മരുന്നുകളില്ല. ഭക്ഷണവും മരുന്നുകളും അവിടെ എത്തിക്കുവാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും കാത്തുകിടക്കുന്നുവെങ്കിലും അവരെ ആ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. പത്ത് ലക്ഷത്തോളമുള്ള ഗാസയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം ജനങ്ങളും പലായനം ചെയ്തു കഴിഞ്ഞു.
ഹമാസ് കടന്നു കയറി ആയിരത്തിലധികം ആളുകളെ കൊലപ്പെടുത്തിയതിന്റെ പ്രതികാര നടപടിയായി ഇസ്രായേല്‍ ആരംഭിച്ച സംഘര്‍ഷം ഇപ്പോള്‍ അതിരു കടന്ന ക്രൂരതയായി മാറിയിരിക്കുന്നു. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് യു.എന്‍ അന്വേഷണ കമ്മിഷന്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ഫലസ്തീനിലെ ജനതയെ ഒന്നാകെ ഉന്‍മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂര്‍ണമായും ഇസ്രായേലിന്റെ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കാണെന്ന് യു.എന്നിന്റെ ഫലസ്തീന്‍ അന്വേഷണ കമ്മിഷന്‍ പ്രസ്താവിക്കുന്ന സ്ഥിതി വിശേഷം പോലും ഉണ്ടായി. ആ പ്രദേശത്ത് ദീര്‍ഘനാളുകളായി നിലനില്‍ക്കുന്ന ദുരിതം അവസാനിക്കുവാന്‍ അധികൃതരും സഭാ സമൂഹങ്ങളും ശബ്ദമുയര്‍ത്തണം.
ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായും ഗാസയില്‍ ശാശ്വത സമാധാനം പുലരാനും എല്ലാവരും പ്രാര്‍ത്ഥിക്കണം. ഗാസായിലെ സംഘര്‍ഷത്തിന് അയവ് വരുന്നതിനും മേഖലയില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതിനും വേണ്ടി ഞായറാഴ്ച മാര്‍ത്തോമ്മാ സഭയുടെ എല്ലാ ദൈവാലയങ്ങളിലും ആരാധനാ മദ്ധ്യേ പ്രത്യേക പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.